Published On: December 1st, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; പ്രതിഷേധമിരമ്പി

റാന്നി: കനത്ത വെയിലിനുമപ്പുറം പ്രതിഷേധാഗ്‌നി ചൊരിഞ്ഞ് മലയോരനിവാസികള്‍ താലൂക്കോഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രമായ കൊല്ലമുളയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് വെച്ചൂച്ചിറ പഞ്ചായത്ത് നിവാസികള്‍ ഒറ്റക്കെട്ടായി മാര്‍ച്ച് നടത്തിയത്. കടുത്ത ചൂടിനെ അവഗണിച്ച് കുട്ടികളും സ്ത്രീകളും അടക്കം നാടൊന്നാകെ രണ്ട് കിലോമീറ്ററോളം ദൂരം മാര്‍ച്ച് നടത്തിയാണ് താലൂക്കോഫീസിന് മുന്നിലെത്തിയത്. ധര്‍ണ പൂര്‍ത്തിയാകുംവരെ ഇവര്‍ നടുറോഡില്‍ ആവേശത്തോടെ പങ്കെടുത്തു. കസ്തൂരിരംഗന് എതിരെയും കൊല്ലമുളയെ ഒഴിവാക്കുകയെന്ന ആവശ്യമുന്നിയിച്ചുള്ള മുദ്രാവ്യക്യങ്ങളുമായാണ് ആയിരങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നത്. പ്രതിഷേധഭാഗമായി വെച്ചൂച്ചിറ പഞ്ചായത്തില്‍ ഹര്‍ത്താലും നടത്തി.

വെച്ചൂച്ചിറയില്‍ നിന്നും നൂറ് കണക്കിന് വാഹനങ്ങളിലാണ് മലയോരനിവാസികള്‍ റാന്നിയിലെത്തിയത്. ഇട്ടിയപ്പാറ ബൈപ്പാസില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതീഷ് പണിക്കര്‍, വൈസ് പ്രസിഡന്റ് രമാദേവി, അംഗങ്ങളായ ഷാജി തോമസ്, ടി.കെ. ജയിംസ്, സൂസമ്മ മാത്യു, കെ.ജെ. ജോസഫ്, ജൈനമ്മ തോമസ്, ഏലിയാമ്മ ജോസഫ്, വര്‍ക്കി ജോസഫ്, ജ്യോതി ലക്ഷ്മി, ബിന്ദു വാമദേവന്‍, അജികുമാര്‍, സമരസമിതി കണ്‍വീനര്‍ ടോമി പാറക്കുളങ്ങര, നിഷ അലക്‌സ്, ടി.കെ.സാജു, ടോമി വര്‍ഗീസ്, സിറിയക്, ബാബു മോളിക്കല്‍, ജോജി, അനില്‍കുമാര്‍, ബേബിച്ചന്‍ ചൗക്കയില്‍, ഇ.വി. വര്‍ക്കി, സജിമോന്‍ കടയനിക്കാട്, വക്കച്ചന്‍ പൗവ്വത്തില്‍, അലക്‌സ് മാര്‍ഷല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പത്തരയോടെ ആരംഭിച്ച മാര്‍ച്ച് 11.30യോടെ താലൂക്ക് ഓഫീസിന് മുമ്പിലെത്തി. അലക്‌സ് മാര്‍ഷലിന്റെ നേതൃത്വത്തില്‍ ഏതാനം പേര്‍ താലൂക്ക് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇവരും പോലീസുമായി ചെറിയ ഉന്തും തള്ളുമുണ്ടായി. സമര നേതാക്കളിടപെട്ട് അണികളെ നിയന്ത്രിച്ചു.

താലൂക്കോഫീസിന് മുമ്പില്‍ നടന്ന ധര്‍ണ ആൻറോ ആന്‍റണി എം.പി. ഉദ്ഘാടനം ചെയ്തു. സതീഷ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗങ്ങളായ മറിയാമ്മ ചെറിയാന്‍, കോമളം അനിരുദ്ധന്‍, ബ്ലോക്ക് പഞ്ചായത്തംഗം നിഷ അലക്‌സ്, എസ്.രമാദേവി, ടോമി പാറക്കുളങ്ങര, അബ്ദുള്‍ ഖാദര്‍ മൗലവി, കെ.ജെ. ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു.

സമരഭാഗമായി വെച്ചൂച്ചിറ പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു.

Be Sociable, Share!

    നിങ്ങളുടെ അഭിപ്രായങ്ങള്‍ :

    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ക്ക് വെച്ചൂച്ചിറ ഡോട്ട് കോമിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. 

    Other Links in this Section