വെച്ചൂച്ചിറയുടെ ചരിത്രം

അടിസ്ഥാനരേഖകള്‍ ആധാരമായില്ലെങ്കിലും കൊഴുപ്പുച്ചിറ, പരുവ, നൂറോക്കാട് പ്രദേശങ്ങളിലെ ക്ഷേത്രാവശിഷ്ടങ്ങള്‍ കാണിക്കുന്നത് വളരെ മുന്‍പേ ഒരു ജനത ഇവിടെയുണ്ടായിരുന്നു എന്ന നിഗമനത്തിലാണ്. അവര്‍ മറവപ്പടയുടെ ആക്രമണം ഭയന്ന് നാടു വിട്ടു എന്നും അതല്ല വെള്ളാം പാറ്റ എന്നു കൃഷികള്‍ നശിപ്പിക്കുന്ന ഒരു ജീവിയുടെ ആക്രമണം കൊണ്ടു സ്ഥലം വിട്ടുപോയി എന്നും പറയപ്പെടുന്നു. കൂട്ടാളികളുടെ വഞ്ചനയ്ക്കിരയായി പെരുന്തേനരുവിയുടെ ആഴങ്ങളില്‍ അവരോടൊപ്പം മറഞ്ഞുപോയ “ശക്തന്‍ വേലന്‍” എന്ന മഹാശക്തന്റെ ഇതിഹാസ തുല്യമായ കഥ മാത്രമേ ആ കാലഘട്ടത്തിന്റേതായി അവശേഷിക്കുന്നുള്ളൂ. എണ്ണൂറാം വയലില്‍ പുലയസമുദായവും പരുവ, കക്കടുക്ക എന്നീ പ്രദേശങ്ങളില്‍ ഉള്ളാടര്‍, വനംകുടികള്‍ എന്നീ ആദിവാസി സമൂഹങ്ങളുമായിരുന്നു ജീവിച്ചിരുന്നത്. ആ സമൂഹങ്ങളുടെ തലവന്‍ കാണിക്കാരന്‍ എന്നറിയപ്പെട്ടിരുന്നു. കുന്നം മേഖലയിലെ അതിരൂക്ഷമായ ജലക്ഷാമം കാരണം അന്നാട്ടുകാര്‍ക്കായി താഴ്വര പ്രദേശങ്ങളിലെ ജല ലഭ്യതയുള്ള സ്ഥലങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് പതിച്ചു കൊടുത്തതോടെയാണ് വെച്ചൂച്ചിറ എന്ന ദേശം ഉണ്ടാകുന്നത്. വെള്ളത്തിനുവേണ്ടി ചിറവച്ച (വെച്ചൂച്ചിറ) വെച്ചൂച്ചിറയായി പരിണമിച്ചു എന്നാണ് സ്ഥലനാമകഥ. അതല്ല അടിയന്തരങ്ങള്‍ക്കുവേണ്ടി ഈ പ്രദേശം ഉപയോഗിച്ചിരുന്നതിനാല്‍ “വെച്ചൂട്ടുംതറ” എന്ന പേരു ലഭിക്കുകയും അതു കാലക്രമത്തില്‍ വെച്ചൂച്ചിറയായി മാറിയെന്ന ഒരു വാദവും നിലനില്‍ക്കുന്നുണ്ട്. ചിറവെച്ചു എന്നു പറയുന്നിടത്ത് ചിറയ്ക്കല്‍ എന്ന പേരോടു കൂടിയ വീട് ഇന്നും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി “ഗ്വില്‍” ബിഷപ്പിന്റെ നേതൃത്വത്തില്‍ എത്തിയ സി.എം.എസ് സഭയുടെ മിഷനറിമാര്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ആരാധനാലയവും അതോടനുബന്ധിച്ച് ഒരു സ്കൂളും ആരംഭിച്ചു. പലരുടെ പേരില്‍ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന പ്രദേശമാണ് നൂറോക്കാട്. നൂറ് ഒഴ (ഒരു അളവ്) കാടാണ് നൂറോക്കാടെന്നും നൂറോന്‍ എന്ന കാട്ടുകിഴങ്ങ് ധാരാളമുണ്ടായിരുന്നതിനാല്‍ സ്ഥലനാമം നൂറോക്കാട് എന്നായതാണ് എന്നും പറയപ്പെടുന്നു. ഇവിടെ ഒരു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത് ഇവിടം നേരത്തേ ജനവാസമുള്ള സ്ഥലമായിരുന്നു എന്നു തെളിയിക്കുന്നു. നാഥനില്ലാതെ പലരും കൈവശം വച്ചിരുന്ന ഈ പ്രദേശം അയിരൂര്‍ സ്വദേശിയായ അലക്സാണ്ടര്‍ കുറ്റികണ്ടത്തില്‍ കത്തനാര്‍ കൈവശപ്പെടുത്തുകയും മീനച്ചില്‍ താലൂക്കില്‍ നിന്നും ക്രൈസ്തവരെ കൊണ്ടുവന്ന് ‘പാതിദേഹണ്ഡ’ത്തിന് സ്ഥലം വെട്ടിത്തെളിച്ച് റബ്ബര്‍, തെങ്ങ് മുതലായവ കൃഷി ചെയ്യുന്നതിന് നല്‍കുകയും ചെയ്തു. മണ്ണിടിഞ്ഞ ചാലാണു മണ്ണടിശാലയായതെന്നും പെരുവ എന്ന ഔഷധ സസ്യം ഏറെയുണ്ടായിരുന്ന സ്ഥലമാണു പരുവയായതെന്നും പറയപ്പെടുന്നു. ഈ പ്രദേശത്ത് രണ്ടാംലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ച സൈനികര്‍ക്കു വേണ്ടി 1952 ല്‍ 1500 ഏക്കര്‍ സ്ഥലത്ത് ഒരു കോളനി അനുവദിച്ചു. 1968 ല്‍ കൂത്താട്ടുകുളത്ത് പത്തേക്കര്‍ സ്ഥലം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു കിട്ടാനായി ഭരണസമിതി ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയും ഇതേ തുടര്‍ന്ന് ജനകീയ പ്രക്ഷോഭണങ്ങളുണ്ടാകുകയും ചെയ്തു. അവസാനം 1970 ല്‍ അഞ്ചേക്കര്‍ സ്ഥലം പഞ്ചായത്തിന് അനുവദിച്ചു കിട്ടി. പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍ എണ്ണൂറാം വയലിലെ സി.എം.എസ് സ്കൂളാണെങ്കിലും അരയന്‍പാറ ഇ.എ.എല്‍.പി സ്കൂളാണ് ആദ്യത്തെ അംഗീകാരമുള്ള സ്കൂള്‍. ആദ്യത്തെ ഹൈസ്കൂള്‍ കുന്നം എം.റ്റി.എച്ച്.എസ് (1954) ആണ്. വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ (1958), വെച്ചൂച്ചിറ സെന്റ് തോമസ് (1960) കോളനി ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവ പിന്നീട് ഉണ്ടായവയാണ്. 1955 ല്‍ ആണ് ആദ്യമായി ബ്രാഞ്ച് പോസ്റ്റാഫീസ് വെച്ചൂച്ചിറയിലാരംഭിക്കുന്നത്. 1965 ല്‍ അത് സബ് പോസ്റ്റോഫീസായി ഉയര്‍ത്തി. 1961 ല്‍ ആദ്യത്തെ മൃഗാശുപത്രി കോളനി പ്രദേശം ആസ്ഥാനമാക്കി ആരംഭിക്കുകയും സാങ്കേതിക കാരണങ്ങളാല്‍ 1977 ഏപ്രില്‍ 16 ന് അത് വെച്ചൂച്ചിറയിലേക്ക് മാറ്റുകയും ചെയ്തു.

Be Sociable, Share!